ന്യൂഡൽഹി: പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. കോൺഗ്രസ് നേതൃത്വമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാലാണ് രാഹുൽ ഗാന്ധിക്ക് ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ് അറിയിച്ചു.
കെ സി വേണുഗോപാലും ദിഗ്വിജയ സിംഗും പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 3 എംപിമാരും കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയിൽ തുടർച്ചയായി നടക്കുന്നുണ്ടെന്നും വരാനിരിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ കുറിച്ച് ലോക്സഭ സ്പീക്കറെയും ചെയർമാനെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഏഴിനാണ് പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
ഭാരത് ജോഡോ യാത്ര അത്രമേൽ പ്രധാനപ്പെട്ടതാണെന്നും, ഓരോ സംസ്ഥാനങ്ങളിലും ജനങ്ങളുടെ പ്രശ്നം കേട്ട് മുന്നോട്ട് പോകുകയാണ്. 3,570 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്ര അതിന്റെ പകുതിയോളം പൂർത്തിയാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങളിലായി 28 ജില്ലകൾ സഞ്ചരിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുലും ഭാരത് ജോഡോ യാത്ര സംഘവും ഇപ്പോൾ മഹാരാഷ്ട്രയിലാണ്. നവംബർ 21 ഓടെ യാത്ര മധ്യപ്രദേശിൽ പ്രവേശിക്കും. മഹാരാഷ്ട്രയിൽ യാത്ര വലിയ വിജയമാണെന്നും ജയ്റാം രമേശ് അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ഭാരത് ജോഡോ യാത്രയിൽ എൻ സി പി നേതാക്കളായ സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ശിവസേനയുടെ ആദിത്യ താക്കറെ എന്നിവർ പങ്കെടുത്തുവെന്നും അദ്ദേഹം വിശദമാക്കി.

