ന്യൂഡല്‍ഹി: ശബരിമലയില്‍ 2006 ജൂണില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്കിയ ഹര്‍ജി രണ്ട് വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക.
ദേവപ്രശ്നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. പന്തളം കൊട്ടാരം ഭരണസമിതിക്കാണ് നിലവില്‍ തിരുവാഭരണത്തിന്റെ മേല്‍നോട്ട ചുമതല. ആശുപത്രിയില്‍ കഴിയുന്ന 100 വയസുള്ള രേവതി തിരുന്നാള്‍ രാമവര്‍മയുടെ ഒപ്പ് തന്നെയാണോ സത്യവാങ്മൂലത്തിലെന്ന് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്കാന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ രാജകുടുംബാംഗങ്ങായ രാജ രാജ വര്‍മ ഉള്‍പ്പെടെ 12 പേര് നല്കിയ അപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കേസിലെ പ്രധാന ഹര്‍ജിക്കാരാനായ പി. രാമവര്‍മരാജ ഈ വര്‍ഷം ജൂണില്‍ അന്തരിച്ചു.

