വന്ദേഭാരത് കേരളത്തിലേക്കും; ഒരുവര്‍ഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിത്തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി

ഡല്‍ഹി: കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യയില്‍ ആദ്യമായി ഓടിത്തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ (ചെന്നൈ-മൈസൂരു റൂട്ടില്‍) ഫ്‌ളാഗോഫ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസാണ് ഇത്.

അതേസമയം, അടുത്ത സ്വാതന്ത്ര്യദിനത്തിനകം 75 വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കുമെന്നും, ശേഷം ഒരുവര്‍ഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്ത് ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചത്. ന്യൂഡല്‍ഹി- വാരണാസി ജംഗ്ഷന്‍, ന്യൂഡല്‍ഹി- ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, മുംബൈ- ഗാന്ധി നഗര്‍, ന്യൂഡല്‍ഹി- അംബ് അന്ദൗറ, ചെന്നൈ- മൈസൂരു എന്നിവയാണ് നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകള്‍.

ഐ.സി.എഫ്, കപൂര്‍ത്തല കോച്ച് ഫാക്ടറി, റായ്ബറേലി മോഡേണ്‍ കോച് ഫാക്ടറി എന്നിവിടങ്ങളിലാണ് നിലവില്‍ വന്ദേ ഭാരത് നിര്‍മ്മാണം നടക്കുന്നത്. ചെയര്‍കാറുകളുളള എസി കോച്ചുകളാണ് വന്ദേഭാരത് ട്രെയിനിലുളളത്. പകല്‍ യാത്രയ്ക്ക് എസി ചെയര്‍കാറും രാത്രി യാത്രയ്ക്ക് ബര്‍ത്തുകളും ആണ് ഉപയോഗിക്കുക. വെറും 140 സെക്കന്റില്‍ പരമാവധി വേഗമായ 160 കിലോമീറ്റര്‍ ആര്‍ജിക്കാനാകും. വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ട് റേക്കുകളാണ് കേരളത്തിലേക്ക് എത്തിക്കുക. 16 പാസഞ്ചര്‍ കാറടങ്ങിയതാണ് ഇത്. ഇരിപ്പിടം 1128 ആണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഇവയുണ്ടാകുക. തിരുവനന്തപുരത്തിന് പുറമേ ചെന്നൈ (ആറ്), കോയമ്ബത്തൂര്‍ (3), ട്രിച്ചി (2) എന്നിവിടങ്ങളിലും റേക്ക് ലഭിക്കും.