ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞ് നളിനി. കേസില്‍ വിട്ടയക്കാന്‍ പ്രമേയം പാസാക്കിയ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു.
‘ഗാന്ധി കുടുംബത്തെ കാണാന്‍ മടിയുണ്ട്. ഗാന്ധി കുടുംബത്തെ കാണാന്‍ അവസരമുണ്ടായാല്‍ കാണണമെന്നുണ്ട്. അതിന് സാധ്യതയുണ്ടോ എന്നറിയില്ല. രാജീവ് ഗാന്ധിയുടെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ വധത്തെ പറ്റി അറിവുണ്ടായിരുന്നില്ല. ഭര്‍ത്താവ് മുരുകന് എന്നോടൊപ്പം രാജ്യത്ത് താമസിക്കണമെന്നാണ് ആഗ്രഹം. യുകെയില്‍ ഉള്ള മകളെ കാണാന്‍ പോകണമെന്നുണ്ട്. മകള്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറാണ്. ഞാനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാല്‍ എമര്‍ജന്‍സി വിസയും പാസ്പോര്‍ട്ടും കിട്ടാന്‍ ശ്രമിക്കുന്നുണ്ട്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന് വധത്തെപ്പറ്റി പ്രതികരിക്കാനില്ല. ഭാവിയെപ്പറ്റി വലിയ പദ്ധതികളൊന്നുമില്ല’- നളിനി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

