ട്വിറ്ററിന്റെയും മെറ്റയുടെയും വഴിയില്‍ ഡിസ്‌നിയും?

ഡിസ്‌നി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്‌നി. കമ്ബനി വൈകാതെ തന്നെ ജോലികള്‍ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായാണ് ഡിസ്‌നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഡിസ്‌നിയില്‍ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരില്‍ നിന്ന് എത്രത്തോളം ജോലികള്‍ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകള്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

വരുമാനത്തിന്റെ കാര്യത്തില്‍ ഡിസ്‌നി പിന്നിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്ബനിയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. 52 ആഴ്ചയിലെ ഓഹരി വിവരങ്ങള്‍ നോക്കിയാല്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഡിസ്‌നിയുടെ ഓഹരി. കമ്ബനിയുടെ ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ മാനേജ്‌മെന്റ് സജീവമായി വിലയിരുത്തുകയാണെന്ന് കമ്ബനിയുടെ സിഎഫ്ഒ ക്രിസ്റ്റിന്‍ മക്കാര്‍ത്തി പറഞ്ഞു. വാര്‍ണര്‍ ബ്രോസ്, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുള്‍പ്പെടെയുള്ള സ്ട്രീമിംഗ് കമ്ബനികള്‍ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികളെ വെട്ടി കുറയ്ക്കുന്നതിനെ പറ്റി ഡിസ്‌നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.