കാബൂൾ: സ്ത്രീകൾ ജിമ്മിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അഫ്ഗാൻ. സ്ത്രീകളെ അമ്യൂസ്മെന്റ് പാർക്കുകളിൽ നിന്ന് വിലക്കി താലിബാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് സ്ത്രീകൾക്ക് ജിമ്മിലും താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഹിജാബ് ധരിക്കുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ നിർബന്ധിതരായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് അകെഫ് മൊഹാജെർ അറിയിച്ചു.
കഴിഞ്ഞ 15 മാസങ്ങളായി പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ദിവസങ്ങൾ ഏർപ്പെടുത്തി. പക്ഷേ, ഈ നിയമങ്ങളൊന്നും ആരും അനുസരിച്ചില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർക്കുകളിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ചുകണ്ടു. സ്ത്രീകൾ ഹിജാബ് ധരിച്ചതായി കണ്ടതുമില്ല. അതുകൊണ്ട് ജിമ്മുകളിൽ നിന്നും പാർക്കുകളിൽ നിന്നും സ്ത്രീകളെ വിലക്കാൻ തീരുമാനിച്ചതെന്ന് മൊഹാജെർ അറിയിച്ചു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്. കാടൻ നിയമങ്ങളാണ് അഫ്ഗാനിൽ താലിബാൻ അഫ്ഗാനിൽ നടത്തുന്നത്. പെൺകുട്ടികളെ ഹയർസെക്കന്ററി ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. മാർച്ച് 23 ന് വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികൾക്കായി സ്‌കൂളുകൾ തുറന്നെങ്കിലും താലിബാൻ നേതൃത്വം വീണ്ടും ക്ലാസുകൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു.

