ചാന്‍സലറാവാന്‍ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ വേണമെന്ന് പറഞ്ഞത് യുഡിഎഫ്; അത് നടപ്പിലാക്കുമ്‌ബോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കണമെന്നും മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ വേണമെന്നത് യുഡിഎഫ് മുന്‍പേ പറഞ്ഞ കാര്യം തന്നെയെന്ന് മന്ത്രി പി. രാജീവ്. ഇതിനായി പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ആദ്യം അംഗീകരിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നുവെന്നും എന്നാല്‍ അന്നവര്‍ക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നത് നടപ്പിലാക്കുമ്‌ബോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് പകരം അതത് മേഖലയിലെ വിദഗ്ധരെ ചാന്‍സലര്‍മാരാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനായി ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണര്‍ക്ക് പകരം വിദഗ്ദരെ ചാന്‍സലര്‍മാരാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ വിസിയെ നിയമിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങള്‍ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിയമോപദേശങ്ങളും സര്‍ക്കാര്‍ തേടിയിരുന്നു.