കോണ്‍ഗ്രസ് പുന:സംഘടന: 5 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തേടി ഖര്‍ഗെ

കോണ്‍ഗ്രസ് പുന:സംഘടനക്കുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ഘടകങ്ങളോട് കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് തേടി എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളാണ് ആലോചിക്കുന്നത്. പദവിയില്‍ കെ സി വേണുഗോപാല്‍ തുടരാന്‍ സാധ്യതയില്ല. വടക്കേന്ത്യയില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ തുടങ്ങി ചില പേരുകളാണ് ചര്‍ച്ചയിലുള്ളത്.

അതേസമയം, സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവില്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍ തുടരുന്നത്. സംഘടന വിഷയങ്ങളില്‍ ദേശീയ അധ്യക്ഷനെ സഹായിക്കാന്‍ രാഷ്ട്രീയ ഉപദേഷ്ടാവും എത്തും. എന്നാല്‍, ആരെ നിയോഗിക്കണമെന്നതില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നാണ് വിവരം. എന്നാല്‍, നിലവിലെ പ്രവര്‍ത്തക സമിതി വിപുലീകരിക്കില്ല. പുതിയ പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉണ്ടായേക്കില്ല. യുവ നിരക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും സമ്മര്‍ദ്ദവുമായി മുതിര്‍ന്ന നേതാക്കള്‍ മുന്‍പില്‍ തന്നെയുണ്ട്

ഗുജറാത്ത് തെരഞ്ഞടുപ്പിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായും, ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരകനുമൊക്കെയായി അടുത്തിടെ വീണ്ടും ദേശീയ തലത്തില്‍ സാന്നിധ്യമറിയിച്ച രമേശ് ചെന്നിത്തല ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് വഴി തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും.