പാചകം ചെയ്യാൻ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നോൺ-സ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയപ്പെടാറുണ്ട്. സയൻസ് ഓഫ് ദ ടോട്ടൽ എൻവിയോൺമെന്റ് എന്ന പ്രസിദ്ധീകരണത്തിൽ ‘ഫ്ളിൻഡേഴ്സ് യൂണിവേഴ്സിറ്റി’- ‘ന്യൂ കാസിൽ യൂണിവേഴ്സിറ്റി’ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച ഒരു പഠനം പുറത്തുവന്നിട്ടുണ്ട്.
നോൺ-സ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ധാരാളം ‘മൈക്രോപ്ലാസ്റ്റിക്സ്’ ഭക്ഷണത്തിലേക്ക് കലരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെഫ്ലോൺ കോട്ടിംഗ് ഉള്ള നോൺ-സ്റ്റിക് പാത്രങ്ങളാണെങ്കിൽ ഇതിൽ നിന്ന് 9,100 തരം നേർത്ത ഘടകങ്ങൾ പുറത്തുവരാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് പതിയെ അൽപാൽപമായി ഭക്ഷണത്തിൽ കലരുകയും നാമത് കഴിക്കുകയും ചെയ്യുന്നു. ഈ പാത്രങ്ങൾ നമ്മൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഇടവിട്ട് കഴുകുന്നത് കൊണ്ട് ഇതിന്റെ കോട്ടിംഗ് ഇളകിവരും. ഇതോടെയാണ് ഇവയിൽ നിന്നും ശരീരത്തിന് അനാരോഗ്യകരമാകുന്ന ഘടകങ്ങൾ വേർപെട്ട് വരാൻ തുടങ്ങുന്നത്.
സാങ്കേതികവിദ്യകളുപയോഗിച്ചുള്ള പഠനത്തിൽ ഗവേഷകർ ടെഫ്ളോൺ കോട്ടിംഗിലുള്ള കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ‘മൈക്രോപ്ലാസ്റ്റിക്സ്’, ‘നാനോപ്ലാസ്റ്റിക്സ് എന്നിവയെല്ലാം കണ്ടെത്തി. 5 മില്ലിമീറ്ററിലും ചെറിയ ഘടകങ്ങളെയാണ് ‘മൈക്രോപ്ലാസ്റ്റിക്സ്’ എന്ന് പറയുന്നത്. ഒരു മൈക്രോമീറ്ററിലും കുറവുള്ള ഘടകങ്ങളെ ‘നാനോപ്ലാസ്റ്റിക്സ്’ എന്ന് പറയുന്നത്. ഇവ മറ്റ് പ്ലാസ്റ്റിക്കിനെ പോലെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.

