തിരുവനന്തപുരം: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ (പി എഫ് ഐ) സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ചു. പിഎഫ്ഐയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിന് ആർഎസ്എസുകാരെ വധിക്കാൻ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയതിൽ പങ്കുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
പാലക്കാട്ടെ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലും ഇയാൾ പ്രതിയാണ്. അതേസമയം, റൗഫിനെ ദേശീയ അന്വേഷണ ഏജൻസി പാലക്കാട് എസ് പി ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസന്റെ കൊലപാതകം. സുബൈർ കൊല്ലപ്പെട്ട ദിനം ജില്ലാ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തിയവരിൽ റൗഫും ഉണ്ടായിരുന്നുവെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

