വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ ജാതി അധിക്ഷേപം; സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

ആലപ്പുഴ: സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി. വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സജി ചെറിയാനെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. പരസ്യമായാണ് പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചത്. സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവക്കണമെന്നും പോലീസ് കേസെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിബിഎൽ പാണ്ടനാട് വള്ളംകളിയുടെ സമാപനവേദിയിലേക്ക് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കുന്നതിനിടെയാണ് സജി ചെറിയാൻ ബിജെപി വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് ആരോപണം. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൃത്രിമമായി സൃഷ്ടിച്ച ശബ്ദരേഖയാണ് പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ വിശദീകരിച്ചു.

അതേസമയം, എംഎൽഎ മോശമായി പറഞ്ഞതു കേട്ടില്ലെന്നും അങ്ങനെ പറയുമെന്നു തോന്നുന്നില്ലെന്നും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് പ്രതികരിച്ചു.