തിരുവനന്തപുരം: നിയമന വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോർപ്പറേഷനിലെ കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് ഇത് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പിൻവാതിൽ നിയമനത്തിന് എതിരാണ്. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. പിൻവാതിൽ നിയമനം സിപിഐഎം നിലപാടല്ല. എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനയും പിഎസ്സ്സി മുഖേനയുമാണ് നിയമനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതു മുന്നണിക്ക് തടസം ഇല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമനില തെറ്റിയത് പോലെയാണ് ഗവർണർ പെരുമാറുന്നത്. മാധ്യമങ്ങൾക്ക് എതിരായ നടപടി സ്വേച്ഛാധിപതിയുടേതാണ്. നിയമപരമായി പ്രവർത്തിക്കാൻ തയാറാകണം. ഗവർണക്കെതിരെ കെ യു ഡബ്ല്യൂ ജെ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്നത് അഭിനന്ദനാർഹമാണ്. ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനാണ് ലഘുലേഖ വിതരണം. ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയൂവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

