അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. 5300 കോടി രൂപ മൂല്യമുള്ള 10.3 ടൺ സ്വർണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15,938 കോടി രൂപ ക്യാഷ് ഡെപ്പോസിറ്റ് ഉണ്ടെന്നും ട്രസ്റ്റി വ്യക്തമാക്കി. 2.26 ലക്ഷം കോടി രൂപയാണ് ക്ഷേത്രത്തിന്റെ മൊത്തം ആസ്തി. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ക്ഷേത്രത്തിന്റെ നിക്ഷേപം 2,900 കോടി രൂപയാണ് വർദ്ധിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് ക്ഷേത്രത്തിന്റെ പണം, സ്വർണം അടക്കമുള്ള ആസ്തിയുടെ വിവരങ്ങൾ പുറത്തുവിട്ടത്.
13,025 കോടി രൂപയായിരുന്നു 2019ൽ പല ബാങ്കുകളിലായുള്ള ടി ടി ഡിയുടെ ഫിക്സഡ് ഡെപ്പോസിറ്റ്. 7339.74 ടൺ സ്വർണ നിക്ഷേപമാണ് 2019ൽ തിരുപ്പതി ക്ഷേത്രത്തിന് ഉണ്ടായിരുന്നത്. 2019 മുതലുള്ള നിക്ഷേപ മാർഗനിർദ്ദേശങ്ങൾ നിലവിലെ ട്രസ്റ്റ് ബോർഡ് ശക്തിപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ആസ്തിയിൽ മൂന്ന് വർഷത്തിനിടെ 2.9 ടൺ വർദ്ധനവുണ്ടായി. ഇന്ത്യയിലുടനീളമുള്ള 7,123 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 960 സ്വത്തുക്കളും ക്ഷേത്ര ആസ്തികളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. ഭക്തർ നൽകുന്ന കാണിയ്ക്ക, ബിസിനസ് സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും നൽകുന്ന സംഭാവന എന്നിവയിൽ നിന്നാണ് ക്ഷേത്രത്തിന് വരുമാനം ലഭിക്കുന്നത്.

