ചരിത്രത്തിൽ ആദ്യം; ഐജി സ്ഥാനത്തേക്ക് രണ്ട് വനിതകളെ നിയമിച്ച് സിആർപിഎഫ്

ന്യൂഡൽഹി: ഐജി സ്ഥാനത്തേക്ക് രണ്ട് വനിതകളെ നിയമിച്ച് സിആർപിഎഫ്. സിആർപിഎഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഐജി സ്ഥാനത്തേക്ക് രണ്ട് വനിതകൾക്ക് നിയമനം നൽകുന്നത്. ആലപ്പുഴ സ്വദേശിയായ ആനി എബ്രഹാം, സീമ ധുണ്ഡിയ എന്നിവർക്കാണ് ഐജി സ്ഥാനം ലഭിച്ചത്.

1986ൽ വനിതാ ഓഫീസർമാരെ സിആർപിഎഫിലേക്ക് ചേർത്തുതുടങ്ങിയ ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഓഫീസർമാർക്ക് ഒരുമിച്ച് ഉന്നത പദവി ലഭിക്കുന്നത്. 1987 ബാച്ചിൽ സേനയിലംഗമായ ഉദ്യോഗസ്ഥരാണ് ഐജി സ്ഥാനത്തേക്ക് നിയമനം ലഭിച്ച ആനി എബ്രഹാമും സീമ ധുണ്ഡിയയും.

ആനി എബ്രഹാമിന് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ചുമതലയാകും ലഭിക്കുന്നത്. സിആർപിഎഫിന്റെ ബീഹാർ സെക്ടറിനെയായിരിക്കും സീമ നയിക്കുന്നത്. ലൈബീരിയയിലെ യുഎൻ മിഷനിലും കാശ്മീരിലെ ഓപ്പറേഷൻസ് സെക്ടർ ഡിഐജിയായി ആനി എബ്രഹാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റ് നിരവധി ഉന്നതസ്ഥാനങ്ങളിലും പ്രവർത്തിച്ച ആനി രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്.