ഉമ്മൻചാണ്ടിയ്ക്ക് പിറന്നാൾ; ആശംസ അറിയിക്കാനായി നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ കൊച്ചിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൺപതാം വയസിലേക്ക് ചുവടുവച്ച ഉമ്മൻ ചാണ്ടിയ്ക്ക് പിറന്നാൾ ആശംസ അറിയിക്കാൻ വേണ്ടിയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ വേണ്ടിയാണ് പിണറായി വിജയൻ കൊച്ചിയിലെത്തിയത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. പിന്നീടാണ് അദ്ദേഹം കൊച്ചിയിലേക്ക് നേരിട്ടെത്തിയത്. ഏറെ നേരം സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

അതേസമയം, സ്പീക്കർ എ എൻ ഷംസീർ, വ്യവസായി എം എ യൂസഫലി തുടങ്ങിയവരും ഉമ്മൻചാണ്ടിയ്ക്ക് ആശംസ അറിയിക്കാൻ നേരിട്ടെത്തിയിരുന്നു. ചികിത്സാർത്ഥമായുള്ള സൗകര്യത്തിനാണ് ഉമ്മൻചാണ്ടി ആലുവയിൽ തങ്ങുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി അടുത്തായാഴ്ച ഉമ്മൻചാണ്ടി കുടുംബത്തിനൊപ്പം ജർമ്മനിയിലേക്ക് പോകും.