ന്യൂഡൽഹി: ഐടി നിയമ ഭേദഗതി സുരക്ഷിതവും ഉത്തരവാദിത്വപൂർണ്ണമായ ഇന്റർനെറ്റിലേക്കുള്ള ചുവടുവെപ്പാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി നിയമ ഭേദഗതി സർക്കാരും സാമൂഹിക മാധ്യമ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ നിയമങ്ങൾക്ക് കീഴിൽ സാമൂഹിക മാധ്യമങ്ങളെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. നിയമം ഉപയോക്താക്കളെ ശാക്തീകരിക്കുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷണവും അറിയിച്ചിട്ടുണ്ട്.
ഭേദഗതിയിലൂടെ സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കാർ തലത്തിൽ സമിതി വരും. മൂന്ന് മാസത്തിനുള്ളിലാകും പരാതി പരിഹാര സമിതികൾ നടപ്പാകുക. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പരാതി പരിഹാര സമിതികൾ കൊണ്ടു വരുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

