കാസര്കോട്: ജില്ലയിലെ 34 നഴ്സിങ്ങ് ഓഫീസര്മാരെ (ഗ്രേഡ് 1) ഒറ്റയടിക്ക് സ്ഥലം മാറ്റി സംസ്ഥാന സര്ക്കാര്. എന്നാല്, പകരം ഒരാളെ പോലും കാസര്കോട്ടേക്ക് നിയമിക്കാത്തത് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി. ഡോക്ടര്മാരുടെയും മറ്റ് ആരോഗ്യ പ്രവര്ത്തകരുടെയും അഭാവത്തില് നേരത്തെ തന്നെ ജില്ലയിലെ ആരോഗ്യമേഖലയുടെ അവസ്ഥ ഏറെ സങ്കീര്ണമായിരുന്നു. ഇതിനിടെയാണ് നഴ്സിങ്ങ് ഓഫീസര്മാരുടെ ഈ കൂട്ട സ്ഥലം മാറ്റം. കാസര്കോട് ജനറല് ആശുപത്രിയില് നിന്ന് 19 പേരെയും ചട്ടഞ്ചാല് ടാറ്റാ കോവിഡ് ആശുപത്രിയില് നിന്ന് 13 പേരെയും ജില്ലാ ആശുപത്രിയില് നിന്ന് 2 പേരെയുമാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര് ജില്ലകളിലേക്കാണ് ഇവര്ക്ക് പുതിയ പോസ്റ്റിങ്ങ് നല്കിയിരിക്കുന്നത്.
അതേസമയം, എന്ഡോസള്ഫാന് ദുരിതബാധികര്ക്കായി 18 ദിവസം നിരാഹാര സമരം നടത്തിയതിനെ തുടര്ന്ന് സാമൂഹ്യ പ്രവര്ത്തക ദയാബായിയുടെ ആരോഗ്യാവസ്ഥ മോശമായിരുന്നു. ദയാ ബായിക്ക് പിന്തുണ നല്കി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര് രംഗത്തെത്തിയതിനെ തുടര്ന്ന് സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയെന്നത് സര്ക്കാരിന്റെ ആവശ്യമായി മാറി. ശേഷം മന്ത്രിമാരായ വീണാ ജോര്ജ്ജും ആര് ബിന്ദുവും ആശുപത്രിയിലെത്തി ദയാബായിയെ കണ്ട് ഉറപ്പുകള് രേഖാമൂലം എഴുതി നല്കുകയും എന്നാല്, 10 ദിവസം പിന്നിടുമ്പോഴേക്കും 34 പേരെ സ്ഥലം മാറ്റി ആരോഗ്യ വകുപ്പ് നടപടിയെടുക്കുകയും ചെയ്തു.
ടാറ്റാ കോവിഡ് ആശുപത്രിയിലെ ജീവനക്കാരെ കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി പ്രവര്ത്തനം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഇവരെയെല്ലാം മറ്റ് ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയത്. ഇതോടെ ജില്ലയിലെ എന്ഡോസള്ഫാന് രോഗികള് ചികിത്സയ്ക്കായി കര്ണ്ണാടകയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ജില്ലയില് ഇപ്പോഴും 30 ഡോക്ടര്മാരുടെ കുറവ് നിലനില്ക്കുകയാണ്. കൂടുതല് വിദഗ്ദരായ ഡോക്ടര്മാരെ ജില്ലയിലേക്ക് നിയോഗിക്കണമെന്ന ദയാബായിയുടെ ആവശ്യവും മന്ത്രിമാര് അംഗീകരിച്ചിരുന്നു. എന്നാല്, ഇതെല്ലാം വെറും വെള്ളത്തില് വരച്ച വര പോലെ ആയിരിക്കുകയാണ്.

