തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്മ്മാണത്തോടനുബന്ധിച്ച് സമരം നടത്തുന്നവര്ക്ക് പരോക്ഷമായി പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകള്ക്ക് വിദേശ ഫണ്ട് ഉള്പ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തില് അന്വേഷണം തുടങ്ങി കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ. സമരത്തിനു പിന്നില് ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള് കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.
അതേസമയം, സമരത്തിനെതിരെ ട്രിവാന്ഡ്രം ചേംബര് ഓഫ് കൊമേഴ്സ് ആന്ഡ് ഇന്ഡസ്ട്രി പ്രസിഡന്റ് എസ്.എന് രഘുചന്ദ്രന് നായര് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും നടക്കുന്നത്. സമരപ്പന്തലില് നടന്ന വിദ്വേഷ പ്രസംഗങ്ങളും വിവിധ രേഖകളും ഇതിനൊപ്പം നല്കിയിട്ടുണ്ട്. സംശയമുള്ള സംഘടനകളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകള് ഐ.ബി പരിശോധിക്കുന്നുണ്ട്. വിഴിഞ്ഞത്തും മുതലപ്പൊഴിയടക്കമുള്ള പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെത്തി. സമരപ്പന്തലില് ആരൊക്കെയാണ് വരുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും നിരീക്ഷിക്കുന്നു.
പിന്തുണയ്ക്കുന്നവര്ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ, സമരം സാമൂഹിക അന്തരീക്ഷം തകര്ക്കുന്നുണ്ടോ, നിയമ വ്യവസ്ഥകള് ലംഘിച്ചാണോ സമരം നടത്തുന്നത് പ്രദേശത്തെ ക്രമസമാധാനം തകര്ക്കുന്നുണ്ടോ എന്നൊക്കെയാണ് സമരപരിധിയിലുള്ളത്.

