ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ജമ്മു കശ്മീർ റെയിൽവേ സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നത്. സ്ഫോടക വസ്തുക്കളും 18 ഡിറ്റണേറ്ററുകളുമാണ് ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത്. സ്റ്റേഷനിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് ബാഗ് കണ്ടെത്തിയത്.
രണ്ട് പെട്ടികളിലായി പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. 18 ഡിറ്റണേറ്ററുകളും കുറച്ച് വയറുകളും ഇതിനുള്ളിലുണ്ടായിരുന്നു. ഏകദേശം 500 ഗ്രാം മെഴുക് തരത്തിലുള്ള വസ്തുക്കളാണ് ബോക്സിൽ ഉണ്ടായിരുന്നത്. റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുകയായിരുന്നു ബാഗ് ഉപേക്ഷിച്ചവരുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ 34 ശതമാനത്തോളം തീവ്രവാദ കേസുകൾ കുറഞ്ഞതായി കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

