ഒൻപത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണം; ഡിജിപിയ്ക്ക് കത്തയച്ച് ഗവർണർ

തിരുവനന്തപുരം: ഡിജിപിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒൻപത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഡിജിപിയ്ക്ക് കത്ത് നൽകിയത്. പ്രശ്നസാധ്യത പരിഗണിച്ചാണ് നടപടി. കേരള സർവകലാശാല, എംജി സർവകലാശാല, കൊച്ചി സർവകലാശാല, ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കട്ട് സർവകലാശാല, മലയാളം സർവകലാശാല തുടങ്ങിയവയ്ക്കാണ് സുരക്ഷ ഒരുക്കേണ്ടത്.

ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പകർപ്പ് ലഭിച്ചതിന് ശേഷമാണ് അദ്ദേഹം ഡിജിപിയ്ക്ക് കത്തയച്ചത്. ഗവർണർ രാജി ആവശ്യപ്പെട്ട വിസിമാർക്ക് തൽക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ ഈ സ്ഥിതി നിലനിൽക്കും.

കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി ഉത്തരവിൽ വിശദമാക്കുന്നുണ്ട്. രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി ഒൻപത് സർവകലാശാലാ വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.