കോയമ്ബത്തൂര്: കൊയമ്ബത്തൂരിലെ ഉക്കടത്ത് ചാവേര് ആക്രമണത്തില് കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഉക്കടത്തെ വീട്ടില് നടത്തിയ പരിശോധനയില് ഉഗ്ര സ്ഫോടക ശേഷിയുള്ള പൊട്ടാസ്യം നൈട്രേറ്റ്, ചാര്കോള്, സള്ഫര്, അലുമിനിയം പൗഡര് എന്നിവ കണ്ടെത്തി. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്ബിള് ചീളുകളും ആണികളും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. ഒരു പാചകവാതക സിലിണ്ടര് കൂടി പൊട്ടിത്തെറിക്കാത്ത നിലയില് കാറിനകത്ത് കണ്ടെത്തിയിരുന്നു.
അതേസമയം, സ്ഫോടനം നടന്ന ദിവസം രാത്രി വീട്ടില് മുബിന് തനിച്ചായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളില് കണ്ടവര് ഇയാള്ക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നുമാണ് നിഗമനം. സ്ഫോടനത്തിന് പിന്നിലെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ചാവേര് ആക്രമണത്തില് കൊല്ലപ്പെട്ടത് ജമേഷ മുബിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്ന്ന് എന്ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബിനെ 2019-ല് എന്.ഐ.എ. ചോദ്യംചെയ്തിരുന്നു.
അതിനിടെ ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാര് 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയില് രജിസ്റ്റര് ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്ബത്തൂരിലെത്തി സ്ഫോടനം നടന്ന സ്ഥലം സന്ദര്ശിച്ചു. ഞായറാഴ്ച പുലര്ച്ചെ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്.

