ന്യൂഡൽഹി: സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കും. നവംബർ മാസത്തിലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്.
നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഇതിന് പോകുന്ന വഴിയാകും മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലും സന്ദർശനം നടത്തുന്നത്. നവംബർ 14-ന് രാവിലെ മുഹമ്മദ് ബിൻ സൽമാൻ ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയോടൊപ്പം ഇന്തോനേഷ്യയിലേക്ക് പോകും.
കഴിഞ്ഞ ദിവസം സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി, ഊർജമന്ത്രി ആർകെ സിംഗ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

