ബംഗളൂരു: ബോളിവുഡ് ദക്ഷിണേന്ത്യന് ചിത്രങ്ങള് കണ്ട് പഠിക്കണമെന്ന് സൂപ്പര്താരം സഞ്ജയ് ദത്ത് പറഞ്ഞു. കന്നഡ ചിത്രമായ ‘കെ.ഡി. -ദ ഡെവിളി’ന്റെ ടൈറ്റില് ലോഞ്ചില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കെ.ജി.എഫ്. 2’ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന കന്നഡ ചിത്രമാണ് ഇത്.
‘ഞാന് യാഷിനും സംവിധായകന് പ്രശാന്ത് നീലിനുമൊപ്പം കെ.ജി.എഫ്. ചെയ്തു. രാജമൗലി സാറിനെ എനിക്ക് അടുത്തറിയാം. ദക്ഷിണേന്ത്യന് സിനിമകളില് നമുക്ക് കൂടുതല് എനര്ജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും. ബോളിവുഡ് ഇതില്നിന്നും പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുന്കാലം മറന്നുപോകരുത്. ഞാനിപ്പോള് സംവിധായകന് പ്രേമിനൊപ്പം കെ.ഡി. ചെയ്യാന് പോവുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാനീ പ്രൊജക്ടിലേക്ക് എത്തിയത്. ഇനിയുമേറെ ദക്ഷിണേന്ത്യന് സിനിമകള് ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്’- ദത്ത് വ്യക്തമാക്കി.
അതേസമയം, ഹിന്ദിയും മലയാളവും ഉള്പ്പെടെ അഞ്ച് ഭാഷകളില് ഒരുങ്ങുന്ന കെ.ഡി.യില് കന്നഡ യുവതാരം ധ്രുവ സര്ജയാണ് നായകനായെത്തുന്നത്. എഴുപതുകളില് ബാംഗ്ലൂര് നഗരത്തില് ഉണ്ടായിരുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലറിന് മോഹന്ലാലാണ് ശബ്ദം നല്കിയിരിക്കുന്നത്.

