2023 ജനുവരിയോടെ 4 ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎൽ

ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ് മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോയും, ഭാരതി എയർടെലും. 2024 ഓടുകൂടി രാജ്യവ്യാപകമായി 5ജി എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. എന്നാൽ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഇനിയും 4ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല.

2023 ജനുവരിയോടെ തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യയിൽ 4ജി സേവനം ആരംഭിക്കാനാകുമെന്നാണ് ബിഎസ്എൻഎല്ലിന്റെ വിലയിരുത്തൽ. 2023 ജനുവരിയിൽ 4ജിയിലേക്ക് മാറാൻ സാധിച്ചാൽ അതേ വർഷം ഓഗസ്റ്റിൽ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്.

2023 ജനുവരിയിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. 2023 ഓഗസ്റ്റിൽ തന്നെ 5 ജി എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരേ സമയം തന്നെ 4ജി, 5ജി വിന്യാസം സംഭവിക്കുമെന്നും അതുവഴി സ്വകാര്യമേഖല സ്ഥാപനങ്ങളുമായി മത്സരിക്കാൻ ബിഎസ്എൻഎലിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ 4ജി സൗകര്യമൊരുക്കുന്നത് തദ്ദേശീയമായി നിർമിച്ച സാങ്കേതിക വിദ്യകളുടെ പിൻബലത്തിലാണ്. ഇതിന് വേണ്ടി ടാറ്റ കൺസൽട്ടൻസി സർവീസസുമായും സർക്കാരിന്റെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സുമായും (സി-ഡോട്ട്) ബിഎസ്എൻഎൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.