ദീപാവലി ദിനം ഇനി പൊതു സ്‌കൂൾ അവധി; പുതിയ തീരുമാനവുമായി ന്യൂയോർക്ക്

ന്യൂയോർക്ക്: ദീപാവലി ദിനം പൊതു സ്‌കൂൾ അവധിയായി അംഗീകരിച്ച് അമേരിക്കൻ നഗരമായ ന്യൂയോർക്ക്. 2023 മുതൽ ദീപാവലി അവധി ദിനമായി സ്‌കൂൾ കലണ്ടറിൽ ഉൾപ്പെടുത്താനാണ് ന്യൂയോർക്കിന്റെ തീരുമാനം. ഇതിനായുള്ള നിയമനിർമാണം നടത്തിയതായും ന്യൂയോർക്ക് മേയർ എരിക്ക് ആദംസ് അറിയിച്ചു.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന ന്യൂയോർക്ക് നഗരവാസികളായ രണ്ട് ലക്ഷത്തിലധികം വരുന്ന ഹിന്ദു, ബുദ്ധിസ്റ്റ്, സിഖ്, ജൈന സമുദായക്കാർക്കായി ദീർഘകാലം മുൻപ് തന്നെ നടപ്പിലാക്കേണ്ട തീരുമാനമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടതെന്നാണ് മേയർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ദീപാവലിയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പുതിയ നിയമം ഏറെ സഹായകരമാകുമെന്നും മേയർ വിശദീകരിച്ചു.

ഇന്ത്യൻ വംശജനായ ന്യൂയോർക്ക് നിയമസഭാംഗം ജെന്നിഫർ രാജ് കുമാറാണ് ദീപാവലിയ്ക്ക് സ്‌കൂളുകളിൽ അവധി നൽകുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. 1990 മുതൽ സ്‌കൂളുകൾ ആചരിച്ച് വന്ന ‘ബ്രൂക്ക്ലിൻ സ്‌കൂൾ ഡേ’യിലെ അവധി മാറ്റി ദീപാവലിയെ ആ സ്ഥാനത്ത് ഉൾപ്പെടുത്തുകയായിരുന്നു. ബ്രൂക്ക്ലിൻ സ്‌കൂൾ ഡേ’ ദീപാവലിയെ അപേക്ഷിച്ച് കാലഹരണപ്പെട്ട ആഘോഷമാണെന്ന് ജെന്നിഫർ രാജ് കുമാർ വ്യക്തമാക്കി.