വമ്പന്‍ റിലീസുകളുടെ വെള്ളിയാഴ്ച

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍, നിവിന്‍ പോളിയുടെ പടവെട്ട് എന്നിവ ഉള്‍പ്പെടെ തിയേറ്ററുകളില്‍ എത്തുന്ന സിനിമകള്‍ അറിയാം.

മോണ്‍സ്റ്റര്‍

മോഹന്‍ലാല്‍ – വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാന്‍ മറ്റൊരു ചെകുത്താന്‍ തന്നെ വേണമെന്നാണ് ചിത്രത്തിന്റെ ട്രെയിലറില്‍ പറയുന്നത്. മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ‘പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്ണ തന്നെയാണ്.

പടവെട്ട്

നിവിന്‍ പോളിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. നടന്‍ സണ്ണി വെയ്‌ന്റെ ചലച്ചിത്ര നിര്‍മാണ കമ്ബനിയായ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമയാണ് പടവെട്ട്. നേരത്തെ സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കി നില്‍ക്കവെയാണ് നിവിന്‍ പോളി ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുവായിരുന്നു. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിക്കും മഞ്ജു വാര്യര്‍ക്കും പുറമെ അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടന്‍ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

പ്രിന്‍സ്

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിന്‍സ്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിന്‍സ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാര്‍ത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയന്റെ മറ്റ് ചിത്രങ്ങള്‍ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെന്‍, പ്രാങ്ക്‌സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സര്‍ദാര്‍

കാര്‍ത്തി നായകനാകുന്ന ത്രില്ലര്‍ ചിത്രമാണ് സര്‍ദാര്‍. ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ ഒരു ഗംഭീര വേഷപ്പകര്‍ച്ച തന്നെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വന്‍ മുതല്‍ മുടക്കില്‍, ദീര്‍ഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് സര്‍ദാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകനും സൂപ്പര്‍ ഹിറ്റ് നായകനും കൈ കോര്‍ക്കുന്നുവെന്നതാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ലൈലയും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു.