ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റില് പങ്കെടുക്കാന് ഇന്ത്യന് ടീം പാകിസ്ഥാനിലേയ്ക്ക് പോകില്ലെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയതിന് പിന്നാലെ വേദി മാറ്റിയാല് അടുത്ത വര്ഷം ഇന്ത്യയില് നടക്കുന്ന ഏകദിന ലോകകപ്പില് തങ്ങളും പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്റെ പ്രതികരണം.
ഏഷ്യാകപ്പ് മത്സരം നിക്ഷ്പക്ഷമായ സ്ഥലത്തുവച്ചാകും നടക്കുകയെന്ന് ഏഷ്യന് ക്രിക്കറ്റ് കൗണ്സില് (എ സി സി) അദ്ധ്യക്ഷന് കൂടിയായ ജയ് ഷാ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പ്രതികരണം.
ഏഷ്യാകപ്പ് വേദി മാറ്റുന്നതില് പ്രതിഷേധിച്ച് ഐ സി സിയ്ക്ക് കത്തയയ്ക്കാന് പി സി ബി അദ്ധ്യക്ഷന് റമീസ് രാജ തീരുമാനിച്ചതായും സൂചനയുണ്ട്. എന്നാല് വിഷയത്തില് പി സി ബി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രശ്നത്തില് രാജ്യാന്തര ക്രിക്കറ്റ് കൗണ്സിലും (ഐ സി സി) പ്രതികരിച്ചിട്ടില്ല. അടുത്തമാസം മെല്ബണില് നടക്കുന്ന ഐ സി സി ബോര്ഡ് യോഗത്തില് പി സി ബി വിഷയം ഉന്നയിച്ചേക്കുമെന്നാണ് സൂചന.

