പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; വോട്ടെണ്ണൽ പത്ത് മണി മുതൽ

ന്യൂഡൽഹി: പുതിയ കോൺഗ്രസ് അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണിക്ക് ബാലറ്റ് പെട്ടികൾ തുറന്നന്ന് വോട്ടെണ്ണൽ ആരംഭിക്കും. അധ്യക്ഷനാരായാലും പാർട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്റെ കൈയിലായിരിക്കുമെന്നാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചനകൾ.

പോളിംഗ് ബൂത്തുകളിൽ നിന്നും കഴിഞ്ഞ ദിവസം68 ബാലറ്റ് പെട്ടികൾ സ്‌ട്രോംഗ് റൂമിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകൾ കൂട്ടികലർത്തിയ ശേഷം നൂറ് ബാലറ്റ് പേപ്പറുകൾ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതൽ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് തന്നെ ഫലപ്രഖ്യാപനം നടക്കും. 9497 വോട്ടുകളാണ് കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലെ പോളിംഗ്.

മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ 9000 ത്തിൽ അധികം പ്രതിനിധികൾ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനായി വോട്ട് രേഖപ്പെടുത്തി. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസിൽ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.