തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമ നിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ. വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമ്മാണം വേഗത്തിലാക്കുന്നതിന് മുന്നോടിയായി ആചാരങ്ങളും അനാചാരങ്ങളും എന്തൊക്കെ എന്നു നിർവചിക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്.
ജനാഭിപ്രായം തേടുന്നതിനു വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തമെന്നും സർവകക്ഷി യോഗവും വിളിച്ചു ചേർക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മിഷൻ തയാറാക്കിയ കരടു ബില്ലിലെ (‘ദ് കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’) ശുപാർശകളിൽ മാറ്റം വരുത്തണോ, കുറ്റകൃത്യങ്ങളുടെ പട്ടിക വർധിപ്പിക്കണോ തുടങ്ങിയവയെ കുറിച്ചെല്ലാം ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നുണ്ട്.
അതേസമയം, അഴിമതിക്കും മയക്കുമരുന്നിനുമെതിരായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സീറോമലങ്കര കത്തോലിക്ക ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം നിവിൻപോളി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി പി.എച്ച്. വെങ്കടേഷ്, എസ്.പി എ.എസ്. ബിജുമോൻ തുടങ്ങിയവർ സംബന്ധിക്കും.
ഉദ്ഘാടനചടങ്ങിനനുബന്ധമായി അഴിമതിമുക്ത കേരളമെന്ന സന്ദേശമുയർത്തിയുള്ള സ്കിറ്റും അവാർഡ് വിതരണവും നടക്കും. തുടർന്ന് അഴിമതിക്കും മയക്കുമരുന്നിനുമെതിരായ സന്ദേശമുൾക്കൊള്ളുന്ന സംഗീത പരിപാടിയും അരങ്ങേറും.

