രാജ്യത്തെ ഋതുമതിയായ മുസ്ലീം പെണ്കുട്ടികള്ക്ക് പ്രായപൂര്ത്തി ആയില്ലെങ്കിലും വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി ജഡ്ജിമാരായ സഞ്ജയ് കിഷന് കൌള്, ബേലാ എം ത്രിവേദി എന്നിവര് അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് വിധിക്കെതിരെ സുപ്രീംകോടതില് ഹര്ജി സമര്പ്പിച്ചത്. ഹര്ജി നവംബര് ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അതേസമയം, ശൈശവ വിവാഹ നിരോധനത്തെയും പോക്സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില് ഇത് ഗുരുതരമായ പ്രശ്നമാണെന്നായിരുന്നു കമ്മീഷനായി ഹാജരായ സോളിസിറ്റര് ജനറല് തുഷാര് മേത്തയുടെ വാദം. കേസില് കോടതിയെ സഹായിക്കാന് മുതിര്ന്ന അഭിഭാഷകന് ആര് രാജശേഖര് റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന് അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിച്ചത്. 21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്കുട്ടിയും കുടുംബാംഗങ്ങളില്നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്ന്നാണ് വിധി പുറപ്പെടുവിച്ചത്.

