ഉഗാണ്ടയിൽ എബോള വൈറസ് വ്യാപനം. ഉഗാണ്ടയിൽ എബോള വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തി. രണ്ട് ജില്ലകളിലാണ് എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടുണ്ട്.
എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്കാണ് സഞ്ചാരം നിയന്ത്രിച്ചത്. ഉഗാണ്ട പ്രസിഡണ്ട് യോവേരി മുസെവേനിയാണ് ഇക്കാര്യം അറിയിച്ചത്. ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളിൽ രോഗം പടരുന്നത് തടയാനുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്നും യോവേരി അറിയിച്ചു.
എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക നടപടികൾ മാത്രമാണ് ഇവയെല്ലാം. എല്ലാവരും അധികാരികളുമായി സഹകരിക്കണമെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഈ സാഹചര്യം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന ഒരു രോഗമാണ് എബോള. വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ രണ്ടു ദിവസം മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോള ബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പർശിക്കുന്നതിലൂടെയും മനുഷ്യരിൽ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാൻസി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാൽ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പർശനത്തിലൂടെയും രോഗാണുക്കൾ പകരാനിടയുണ്ട്. പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് എബോള വൈറസ് ബാധിച്ചവരുടെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ. ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം.

