വിജയവാഡ: രാഷ്ട്രീയസംഘടനാ കാര്യങ്ങളിൽ ദേശീയ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച് സിപിഐ കേരള ഘടകം. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിൽ നിന്ന് കോൺഗ്രസിനെ മാറ്റിനിർത്താനാവില്ലെന്നാണ് കേരളാ ഘടകം അഭിപ്രായപ്പെടുന്നത്. ബിജെപിയെ താഴെയിറക്കണമെങ്കിൽ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസ് പ്രതിപക്ഷത്തിന്റെ ഭാഗമായേ തീരൂവെന്നു രാജാജി മാത്യു തോമസ് വ്യക്തമാക്കി.
കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ കേരളത്തിൽ നേർക്കുനേർ പോരാട്ടം തന്നെയാണ്. എന്നാൽ രാജ്യത്താകെ സാന്നിധ്യമുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രവർത്തകർക്ക് ആത്മവീര്യം നൽകാനാകാത്ത നേതൃത്വമാണ് പാർട്ടിക്കുള്ളതെന്നു ദേശീയ നേതൃത്വത്തെ ഉന്നംവെച്ച് മന്ത്രി പി പ്രസാദ് പറഞ്ഞു. സേനാ നായകൻ പരാജയപ്പെട്ടാൽ മാറ്റുകയല്ലാതെ വഴിയില്ലെന്നും പാർട്ടി നേതൃത്വം ‘ആലങ്കാരിക ആഡംബരം’ അല്ലെന്നും അദ്ദേഹം അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ ഉന്നമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സാഹചര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാകാത്ത ഭാവനാശൂന്യനേതൃത്വമാണു പാർട്ടിയുടേതെന്ന വിമർശനവും ഉയർന്നു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ പോലും സമഗ്രമല്ലെന്നാണ് മറ്റ് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയത്.

