ന്യൂഡൽഹി: ശശി തരൂരിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക അപൂർണമാണെന്ന തരൂരിന്റെ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് അതോറിറ്റി തള്ളിയത്. ആവശ്യപ്പെട്ട വിവരങ്ങളല്ലാം നൽകിയിട്ടുണ്ടെന്നും തൃപ്തികരമെന്ന് തരൂർ അറിയിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നൽകിയ 9,000 പേരുള്ള വോട്ടർ പട്ടിക അപൂർണമാണെന്നായിരുന്നു ശശി തരൂർ ആരോപിച്ചിരുന്നത്. വിലാസമില്ലാത്ത 3,000 പേരുടെ ഫോൺ നമ്പറുകൾ നൽകിയതിൽ 1,000 എണ്ണം തെറ്റാണെന്നുമായിരുന്നു തരൂർ പറഞ്ഞിരുന്നു. എന്നാൽ തരൂരിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഒന്നോ രണ്ടോ പേരുകൾ ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മിസ്ത്രി മറുപടി നൽകി.
പിആർഒമാർക്ക് നടപടിക്രമങ്ങൾ വിശദീകരിച്ച ശേഷം ബാലറ്റുകൾ അടക്കമുള്ള വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. ആൻഡമാനിനായി ഷാനിമോൾ ഉസ്മാനും പുതുച്ചേരിക്കായി ഹൈബി ഈഡനും ബാലറ്റ് കൈപ്പറ്റി.

