ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര് എന്ട്രി ചിത്രമായ ‘ചെല്ലോ ഷോ’യുടെ തിയേറ്റര് പ്രദര്ശനം ആരംഭിച്ചു. പാന് നളിനാണ് ചിത്രത്തിന്റെ സംവിധായകന്.
സിനിമയില് ആകൃഷ്ടനായ ഗുജറാത്തി ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. സമയ് എന്ന ഒന്പത് വയസ്സുകാരനും സിനിമ പ്രൊജക്ട് ടെക്നീഷ്യന് ഫസലും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. സമയിന്റെ സിനിമാ സ്വപ്നങ്ങളും ഇന്ത്യന് സിനിമയുടെ സെല്ലുലോയിഡില് നിന്ന് ഡിജിറ്റലിലേക്കുള്ള പരിവര്ത്തനവുമെല്ലാം ചിത്രത്തിന്റെ പ്രമേയമാകുന്നു. 2021ല് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദര്ശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില് നടന്ന വല്ലഡോലിഡ് ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ചെല്ലോ ഷോ ഗോള്ഡന് സ്പൈക്ക് പുരസ്കാരം നേടിയിരുന്നു.
അതേസമയം, ചിത്രത്തില് പ്രധാന വേഷം അവതരിപ്പിച്ച രാഹുല് കോലി അര്ബുദബാധിതനായി ഈ മാസം ആദ്യം മരിച്ചിരുന്നു. ഭവിന് റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന് റാവല്, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

