ഭാരത് വാഹന രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ; കരട് വിജ്ഞാപനം പുറത്തിറക്കി

ഭാരത് വാഹന രജിസ്ട്രേഷൻ (ബി.എച്ച്.) നടപടികൾ ലളിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. പഴയവാഹനങ്ങൾ ബി എച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റംചെയ്യാനുമുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി.

ബി.എച്ച്. രജിസ്ട്രേഷന് അർഹതയുള്ളവർക്ക് പഴയവാഹനങ്ങൾ ബി.എച്ചിലേക്ക് മാറ്റാൻ കഴിയുമെന്നാണ് കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സൈനികർ, അഞ്ചു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർ തുടങ്ങി ബി എച്ച് രജിസ്ട്രേഷന് അർഹതയുള്ളവർക്കെല്ലാം സൗകര്യം ഉപയോഗിക്കാം.

താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കാം. ഒന്നിലധികം സംസ്ഥാനങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നവർക്ക് വ്യത്യസ്ത രജിസ്ട്രേഷൻ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. 15 സംസ്ഥാനങ്ങളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അതേസമയം, ബിഎച്ച് രജിസ്‌ട്രേഷനിൽ സംസ്ഥാന സർക്കാർ എതിർപ്പുയർത്തുന്നുണ്ട്. നികുതി ഈടാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് കേരളത്തിന്റെ ആരോപണം. അർഹതയുള്ളവർ വാങ്ങിയാൽമാത്രമേ ബി.എച്ച്. രജിസ്ട്രേഷൻ നിലനിർത്താൻ കഴിയുകയുള്ളൂ. ജീവനക്കാർ നൽകേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിൽ വിശദമാക്കുന്നു.