ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നവംബർ ഒൻപതിനു ചുമതലയേൽക്കും. തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് അദ്ദേഹം ശുപാർശ കൈമാറിയത്. 2024 നവംബർ 10 വരെ രണ്ടു വർഷമാണ് ചന്ദ്രചൂഡിന്റെ കാലാവധി.
74 ദിവസത്തെ കാലാവധിക്ക് ശേഷം യു യു ലളിത് നവംബർ എട്ടിന് വിരമിക്കും. 2016 മേയ് 13നാണ് ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു.
ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.

