ബോളിവുഡിന്റെ ബിഗ്-ബി അമിതാഭ് ബച്ചന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേനും പിവിആറും ചേര്ന്ന് ആദരസൂചകമായി എബി ഫിലിം ഫെസ്റ്റിവല് നടത്തുന്നു. ഇന്ന് മുതല് പിറന്നാള് ദിനമായ 11 വരെയാണ് സിനിമകള് പ്രദര്ശിപ്പിക്കുക.
‘ബച്ചന് ബാക്ക് ടു ദി ബിഗിനിങ്’ എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്ര മേളയില് 22 സ്ക്രീനുകളിലായി ബച്ചന്റെ 11 ക്ലാസിക്ക് സിനിമകളാണ് ഇന്ത്യയുടെ പല നഗരങ്ങളിലായി പ്രദര്ശിപ്പിക്കുന്നത്. ‘എന്റെ സിനിമാ യാത്ര തുടങ്ങിയ ചലച്ചിത്രങ്ങള്ക്കൊപ്പം…ഡോണും മിലിയും പുറത്തിറങ്ങി അന്പത് വര്ഷത്തോളമായി കഴിഞ്ഞു…ഇപ്പോള് വീണ്ടും ഈ സിനിമകള് പ്രദര്ശനത്തിനെത്തുകയാണ്…കൂടുതല് ക്ലാസിക്കുകള് ബിഗ് സ്ക്രീനില് കാണാമെന്ന് പ്രതീക്ഷിക്കുന്നു…’അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തു.
200-ലധികം സിനിമകളില് അഭിനയിച്ച ബച്ചന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. മികച്ച നടനുള്ള നാല് ദേശീയ അവാര്ഡുകള്, ദാദാസാഹെബ് ഫാല്ക്കെ അവാര്ഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ അവാര്ഡ് എന്നിങ്ങനെ സിനിമ മേഖലയില് ബച്ചന് വാരിക്കൂട്ടിയ പുരസ്കാരങ്ങള് ഏറെയാണ്. 1984 ല് പദ്മശ്രീ, 2001 ല് പത്മഭൂഷണ്, 2015 ല് പത്മവിഭൂഷണ് എന്നീ ബഹുമതികള് നല്കി ഇന്ത്യ ആദരിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് നല്കിയ സംഭാവനകള്ക്ക് ഫ്രാന്സ് സര്ക്കാര് 2007 ല് ഏറ്റവും ഉയര്ന്ന സിവിലിയന് ബഹുമതിയായ നൈറ്റ് ഓഫ് ദി ലെജിയന് ഓഫ് ഓണര് നല്കി ആദരിച്ചിരുന്നു. ബാസ് ലുഹ്മാന്റെ ദി ഗ്രേറ്റ് ഗാറ്റ്സ്ബി (2013) എന്ന ഹോളിവുഡ് ചിത്രത്തിലും ബച്ചന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

