രസതന്ത്ര നോബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്; ബാരി ഷര്‍പ്ലെസിന് രണ്ടാം തവണയും പുരസ്‌കാരം

സ്റ്റോക്കോം: ഈ വര്‍ഷത്തെ ‘ക്ലിക് കെമിസ്ട്രിയിലെയും ബയോഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലെയും’ സംഭാവനകള്‍ക്കുള്ള രസതന്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കരോളിന്‍ ആര്‍.ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്ലെസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാരി ഷാര്‍പ്ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

ഭൗതിക ശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് ഫ്രാന്‍സില്‍ നിന്നുള്ള ഏലിയാന്‍ ഏസ്പെക്ടിനും അമേരിക്കകാരനായ ജോണ്‍ എഫ് ക്ലോസര്‍ക്കും ഓസ്ട്രിയയില്‍ നിന്നുള്ള ആന്റോണ്‍ സെലിങറും അര്‍ഹരായി. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങള്‍ക്കാണ് മൂന്ന് പേരും നേതൃത്വം നല്‍കിയത്.

മനുഷ്യ പരിണാമ പഠനത്തിലെ അപൂര്‍വ സംഭാവനകള്‍ക്ക് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പേബൂ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിനര്‍ഹനായി. പേബൂവിന്റെ അച്ഛന്‍ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേല്‍ പുരസ്‌കാരം. മനുഷ്യവംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്റേയുടെ പഠനം.