തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തന്റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല . അതുകൊണ്ട് തരൂരിനോട് അസൂയയില്ല. തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാൽ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണെന്നും അദ്ദേഹം അറിയിച്ചു.
ഖാർഗെയുടെ പ്രായം ഒരു പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാർഗെ ആണ്. താഴെ തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവ് ആണ് ഖാർഗെയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയോ വിമത സ്ഥാനാർത്ഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. പ്രചാരണം നടത്തുന്നവർ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

