കുട്ടികളിലെ ലഹരി ഉപയോഗം തടയൽ; ഡിജിറ്റൽ ഡീടോക്‌സ് സംവിധാനത്തിന് തുടക്കം കുറിച്ചു

പത്തനംതിട്ട: കുട്ടികളിൽ വർധിച്ചു വരുന്ന വിവിധതരം പെരുമാറ്റം/ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ കർശനമായി ഇടപെടാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡീടോക്‌സ് സംവിധാനത്തിന് ആരോഗ്യമന്ത്രി വീണാജോർജ് പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയിൽ ചേംബറിൽ നടന്ന ചടങ്ങിൽ സി.ഡബ്ല്യു.സി. ചെയർമാൻ അഡ്വ. എൻ. രാജീവ്, സിഡബ്ല്യുസി മെമ്പർമാരായ ഷാൻ രമേശ് ഗോപൻ, അഡ്വ. എൽ. സുനിൽ കുമാർ, അഡ്വ. പ്രസീത നായർ, അഡ്വ. എസ്. കാർത്തിക, ജില്ലാ വനിതാ ശിശുവികസന ഓഫീസർ പി.എസ്.തസ്‌നിം, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്. ശ്രീകുമാർ, ഡി.സി.പി.ഒ. നീതാദാസ്, എന്നിവർ പങ്കെടുത്തു.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും (മൊബൈൽ, സോഷ്യൽ മീഡിയ) മയക്കുമരുന്നിനോടുള്ള ആസക്തിയും രക്ഷിതാക്കളിലും വർധിച്ച് വരുന്നത് കുട്ടികൾക്ക് സഹായകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അതിനാൽ രക്ഷിതാക്കൾക്കുള്ള തിരുത്തൽ സംവിധാനവും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും.ജില്ലയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ യോഗം ആദ്യം ചേർന്ന് പദ്ധതിക്ക് രൂപരേഖ തയാറാക്കി. തുടർന്ന് വിവിധ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ വിലയിരുത്തി ഈ പദ്ധതിയുമായി ഏകോപിപ്പിച്ചു. തിരുത്തലും പ്രതിരോധവും ചികിത്സയും ഉറപ്പാക്കുകയും ഇതിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടേയും സ്ഥിതിക്ക് മാറ്റമുണ്ടാക്കി തുടർ മേൽനോട്ടവും ഉണ്ടാകും. സ്‌കൂൾ തലത്തിൽ വരെ എത്തുന്ന വിവിധ പരിശീലന പരിപാടിയും, കൗൺസലിംഗ്, കിടത്തി ചികിത്സ എന്നിവയും എല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. വനിതാശിശു വികസനം, എസ്.എസ്.കെ, എക്‌സൈസ്, പോലീസ്, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഏകോപനം ഈ പദ്ധതിയിലേക്ക് ഉണ്ടാകും.

കുട്ടികളിലെ ലഹരി ഉപയോഗത്തിന് മാധ്യമമാകുന്നത് മൊബൈൽ അടക്കമുള്ള ഉപകരണങ്ങളാണ്. ഡിജിറ്റൽ ഉപകരണങ്ങൾ തന്നെ ലഹരിയായി മാറുന്നതുമാണ് സി.ഡബ്ല്യൂ.സി.യുടെ മുൻപിൽ വരുന്ന കേസുകളിലധികവും. പതിനാറ് വയസിൽ താഴെ പ്രായത്തിൽ ഗർഭിണികളായ കുട്ടികൾ, ആവർത്തിച്ച് പോക്‌സോ അതിജീവിതയായ കുട്ടികൾ, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ വീട് വിട്ട് ഇറങ്ങിപോകുകയും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്തവർ, കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം നഗ്‌നഫോട്ടോ എടുത്ത് കൂട്ടുകാർക്ക് പങ്കുവച്ചവർ, ലഹരിയുടെ കടത്തുകാരായും സ്‌കൂളിലെ ഏജന്റായും പ്രവർത്തിക്കുന്നവർ, എന്നിങ്ങനെ വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ കാരണമായത്.