കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.20 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ തുക കെട്ടിവയ്ക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇല്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
നഷ്ടപരിഹാരത്തുക കെട്ടിവച്ചശേഷമേ പ്രതികൾക്ക് ജാമ്യം നൽകാവൂവെന്നാണ് കോടതി നിർദ്ദേശം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ടിനെതിരെ സർക്കാർ നടപടി കടുപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. പിഎഫ്ഐയുടെ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നിരീക്ഷണം തുടരും. ആസ്തികൾ കണ്ടുകെട്ടുന്നതും ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നതും പലയിടങ്ങളിലും നടക്കുന്നുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുവകകൾ പിടിച്ചെടുത്ത് മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്ന് പിരിഞ്ഞതായി അംഗങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിൽ നിരോധിത സംഘടനയിൽ തുടർന്നതിന് രണ്ട് വർഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ട് സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. യുഎപിഎ നിയമപ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 15 ദിവസത്തിനുള്ളിൽ പിഎഫ്ഐയും അതിന്റെ അനുബന്ധ സംഘടനകളും രേഖകളെല്ലാം പൊലീസിനെ അറിയിക്കുകയും അവർക്ക് കൈമാറുകയും വേണമെന്നാണ് നിർദ്ദേശം. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ പ്രാദേശിക പോലീസ് നോട്ടിഫിക്കേഷൻ ഒട്ടിക്കുകയും അതിന്റെ പകർപ്പുകൾ പ്രധാന ഭാരവാഹികൾക്ക് അയക്കുകയും ഉത്തരവിന്റെ ഉള്ളടക്കം ഉച്ചഭാഷിണിയിലൂടെ വായിക്കുകയും ചെയ്യും.

