പോപ്പുലർ ഫ്രണ്ട് ഓഫീസിലെ റെയ്ഡ്; ബോംബ് നിർമാണം സംബന്ധിച്ച മാനുവൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. റെയ്ഡിൽ ബോംബ് നിർമാണം സംബന്ധിച്ച മാനുവൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസികൾ അറിയിച്ചു. എളുപ്പത്തിൽ ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ച് ഐ ഇ ഡി (ഇംപ്രൊവൈസ്ഡ് എക്‌പ്ലോസീവ് ഡിവൈസ്) പോലുള്ള ബോംബുകൾ എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുന്ന ലഘുലേഖകൾ പരിശോധനയിൽ കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കി.

ഉത്തർപ്രദേശ് ബരബംകിലെ പിഎഫ്‌ഐ നേതാവ് മുഹമ്മദ് നദീമിന്റെ പക്കൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. സമാന രേഖ യുപിയിലെ ഖാദ്രയിൽ നിന്നുള്ള പിഎഫ്‌ഐ നേതാവ് അഹമ്മദ് ബെഗ് നാദ്വിയിൽ നിന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കി. കൂടാതെ കുറ്റം സ്ഥിരീകരിക്കുന്ന നിരവധി തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മിഷൻ 2047 (അടുത്ത 25 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി) സംബന്ധിച്ച ലഘുപത്രിക, സിഡി എന്നിവ മഹാരാഷ്ട്രയിലെ പി എഫ് ഐ ഉപാദ്ധ്യക്ഷന്റെ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി എഫ് ഐ) നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. യുഎപിഎ നിയമപ്രകാരമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. സംഘടന ഭീകരപ്രവർത്തനങ്ങളും കൊലപാതകങ്ങളും നടത്തിയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.