നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിലെ അംഗം അഹമ്മദ് ദേവർകോവിലിന് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷൻ കേരളയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട സംഘടനുമായി ബന്ധമുള്ള ആളാണ് മന്ത്രിയായി ഇരിക്കുന്നത്. ഒരു മന്ത്രിക്ക് എങ്ങനെയാണ് ഈ സംഘടനയുമായി ബന്ധം പുലർത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിക്കുന്നു.

അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും ഐഎൻഎലിനെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി പറയണം. തീവ്രവാദത്തിന് വേണ്ടി ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷനെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത് സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചു. ഇത് പോപ്പുലർ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ബലിദാനികൾക്കുള്ള ആദരവാണ്. പോപ്പുലർ ഫ്രണ്ടിനെ രാഷ്ട്രീയമായി സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണിതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന് പറയുന്ന സിപിഎമ്മിനും ആർഎസ്എസിനെയും നിരോധിക്കണം എന്നു പറയുന്ന കോൺഗ്രസിനും ഉത്തരംമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന വിധ്വംസന പ്രവർത്തനം പുറത്തുവന്നിട്ടും അവരെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ചോരപ്പുഴ ഒഴുക്കാൻ പദ്ധതിയിട്ടെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടും സിപിഎം നിരോധനത്തെ എതിർക്കുന്നത് ജനം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.