10 ദിവസത്തിനകം മറുപടി നൽകണം; അശോക് ഗെലോട്ടിന്റെ മൂന്ന് വിശ്വസ്തർക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്ന് വിശ്വസ്തർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എഐസിസി. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ് മഹേഷ് ജോഷി, ധർമ്മേന്ദ്ര റാത്തോഡ് എംഎൽഎ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം, അച്ചടക്ക നടപടിയെടുത്താൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അശോക് ഗെലോട്ടിന് ക്ലീൻ ചിറ്റ് നൽകിയാണ് എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചത്. രാജസ്ഥാനിലെ സ്ഥിതിഗതികൾ ഹൈക്കാമാൻഡിനെ നേരിട്ട് അറിയിക്കാൻ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, എ കെ ആന്റണിയെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നടത്തിയ നിർണ്ണായക നീക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളിൽ ചർച്ചകൾ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയത്. രാജസ്ഥാൻ പ്രതിസന്ധിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി ആരെന്ന ചിത്രം ഇപ്പോഴും വ്യക്തമല്ല. മത്സരിക്കാനില്ലെന്ന് കമൽനാഥും, പവൻ ബൻസലും വ്യക്തമാക്കി.