ബിജെപിയെ നേരിടേണ്ട രീതിയിൽ ശക്തമായി നേരിടണം; കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തൊടുപുഴ: കോൺഗ്രസിനും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടേണ്ട രീതിയിൽ ശക്തമായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അടയാളങ്ങൾ സ്വീകരിച്ചുകൊണ്ട്, ആശയങ്ങൾ സ്വാംശീകരിച്ചുകൊണ്ട് അവരെ നേരിടാമെന്ന് വിചാരിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

രാഹുൽ ഗാന്ധി ഒരു പദയാത്ര നടത്തുന്നുണ്ട്. കേരളത്തിൽ 19 ദിവസമാണ് അദ്ദേഹം ചിലവഴിക്കുന്നത്. ബിജെപിക്ക് എതിരെയാണോ അദ്ദേഹം പദയാത്ര നടത്തുന്നതെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ബിജെപി ഉള്ളിടത്ത് എത്ര ദിവസം അദ്ദേഹം ചിലവഴിക്കുന്നുണ്ട്? ഉത്തർപ്രദേശിൽ രണ്ട് ദിവസമേയുള്ളൂ എന്ന് വിമർശനം വന്നപ്പോൾ നാലായി വർധിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ശിഷ്യർ എന്ന് അവകാശപ്പെടുന്നവർക്ക് എങ്ങനെ സവർക്കറുടെ ചിത്രം വെയ്ക്കാൻ കഴിയും. എത്ര പരിഹാസ്യമാണത്. കോൺഗ്രസിന്റെ മനസ് എവിടെയെത്തി. ബിജെപിയിലേക്ക് മാറിയ കോൺഗ്രസുകാർ എത്രയാണെന്നും കോൺഗ്രസിന്റെ നേതൃനിര വലിയൊരു ഭാഗം ഇപ്പോൾ ബിജെപിയുടെ കൂടെയല്ലേയെന്നും പിണറായി വിജയൻ ചോദിക്കുന്നു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരസ്യമായി രക്ഷസാക്ഷിത്വത്തെ അപമാനിച്ചു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിൽ അരുംകൊല നടത്തിയ ആളുകളെ മഹത്വവത്കരിച്ച് കൊണ്ടുനടക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതാവ് വരെ തയ്യാറായി. വർഗീയതായാണ് രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും ബിജെപി സ്വീകരിക്കുന്നത്. അതിനെ തള്ളാൻ തയ്യാറുണ്ടോയെന്നും എത്രപേർക്ക് തള്ളാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.