റഷ്യയിൽ വെടിവെയ്പ്പ്; ഇഷെവ്സ്‌കിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടു

മോസ്‌കോ: മദ്ധ്യ റഷ്യയിൽ വെടിവെയ്പ്പ്. ഇഷെവ്സ്‌കിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെയ്പ്പിൽ 20 പേർക്ക് പരിക്കേറ്റതായി റഷ്യൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവസമയത്ത് 1000 വിദ്യാർത്ഥികളും 80 അദ്ധ്യാപകരുമാണ് സ്‌കൂളിലുണ്ടായിരുന്നത്. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്തു.

നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രമാണ് അക്രമി ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സുരക്ഷാ ഗാർഡുകളും അദ്ധ്യാപകരും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവർ ചികിത്സയിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

റഷ്യയുടെ ഉഡ്മർട്ട് റിപ്പബ്ലിക്കിന്റെ പ്രാദേശിക തലസ്ഥാനമാണ് ഇഷെവ്സ്‌ക്. മോസ്‌കോയിൽ നിന്ന് 1000 കിലോമീറ്ററോളം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.