രാജസ്ഥാൻ പ്രതിസന്ധി; അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കും

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. അധ്യക്ഷനാകാൻ അർഹതയില്ലെന്ന് രാഷ്ട്രീയ നാടകത്തിലൂടെ ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.

രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യംകണക്കിലെടുത്താണ് സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കളെത്തിയത്. ദിഗ്വിജയ് സിങ്, കമൽനാഥ്, മുകുൾ വാസ്‌നിക് തുടങ്ങിയവരിൽ ഒരാളെയായിരിക്കും ഗെലോട്ടിന് പകരമായി തെരഞ്ഞെടുക്കുന്നതെന്നാണ് വിവരം.

എന്നാൽ ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. എംഎൽഎമാർ രാജി സന്നദ്ധത വരെ അറിയിച്ചിരുന്നു.