ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

‘പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണ്. തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, പരിപാടിയില്‍ കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍ സാദത്ത് പദ്ധതിയുടെ വിശദീകരണം നടത്തി. തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ മേഖലയിലെ 14 വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തി. പൊതുജനങ്ങള്‍ക്ക് സൗജന്യ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുകയും ചെയ്തു. ക്ലാസുകള്‍ www.kite.kerala.gov.in/SFDay2022 ലിങ്ക് വഴി കാണാവുന്നതാണ്.