ഛണ്ഡീഗഡ്: ഛണ്ഡീഗഡ് വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പേര് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സ്വജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിച്ച ധീര സ്വാതന്ത്ര്യ സമരസേനാനിയ്ക്കുള്ള ആദരമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേർക്കുള്ള പ്രചോദമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാനും പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മൻ കി ബാത്തിന്റെ 93-ാം പതിപ്പിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സെപ്തംബർ 28 ന് ഭഗത് സിംഗിന്റെ 115-ാം ജന്മവാർഷികദിനമാണ്. അതിന് മുന്നോടിയായി പേര് മാറ്റുമെന്ന് അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞിരുന്നു. അമരീന്ദർ സിംഗായിരുന്നു ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

