തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയതിന് പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ വടകരയിൽ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു സ്വദേശി നിസാമുദീൻ, എസ്ഡിപിഐ ഏരിയാ കമ്മറ്റി അംഗം നടക്കുതാഴ സ്വദേശി ഷൗക്കത്ത്, എസ്ഡിപിഐ ഏരിയാ കമ്മറ്റി സെക്രട്ടറി വടകര സ്വദേശി നഫ്നാസ് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടക്കാത്തെരുവിൽ വെച്ച് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർത്ത സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് അറിയിച്ചു.
അതേസമയം കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കണ്ണൂർ ടൗൺ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ പരിശോധന നടത്തി. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടന്നിരുന്നു. നേതാക്കളുടെ സാമ്പത്തിക സ്രോതസ്, ഹർത്താൽ ഗൂഢാലോചന തുടങ്ങിയവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ് സംഘടിപ്പിച്ചത്.

